Google Tez new UPI payment app for Indians, How to Install Tez App?

Google Tez UPI Payment App

നിരവധി ഓഫറുകളോടെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനായി ഗൂഗിള്‍ ഒരു പുതിയ പെയ്‌മെന്റ്‌ ആപ്പ് പുറത്തിറക്കിയിരിക്കുന്നു. ഗൂഗിള്‍ ടെസ് (Google Tez) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്പ് യൂണിഫൈഡ് പെയ്‌മെന്റ്‌ ഇന്റര്‍ഫേസ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ടെസ് എന്നാല്‍ ഹിന്ദിയില്‍ 'വേഗത' എന്നാണ് അര്‍ത്ഥം. പേപ്പര്‍ രഹിത പണമിടപാടുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറിവരുന്നതുകൊണ്ടാണ് WhatsApp, Google പോലുള്ള വന്‍കിട കമ്പിനികള്‍ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിനുള്ള ആപ്പുകളുമായ് ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നത്. WhatsApp ലൂടെ ഇത്തരം ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനം അണിയറയില്‍ ഒരുങ്ങുമ്പോളാണ് ടെസ് എന്ന ആപ്പുമായ് ഗൂഗിള്‍ ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുന്നത്. ടെസ് എന്ന ഡിജിറ്റല്‍ കറന്‍സി ആപ്പ് ഇന്ത്യക്കാര്‍ക്കു മാത്രമായാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ നേതൃത്വത്തിലുള്ള UPI അധിഷ്ഠിതമായാണ് ടെസ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ ഈ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഓരോ ട്രാന്‍സാക്ഷനും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുതന്നെ ക്രെഡിറ്റും ഡെബിറ്റും ചെയ്യപ്പെടുന്നു എന്നതാണ് ഈ ആപ്പിനെ Paytm, BHIM പോലുള്ള ആപ്പുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഭാരതസര്‍ക്കാര്‍തന്നെ പുറത്തിറക്കിയ ഭീം ആപ്പിലും ഇത്തരം ഫീച്ചറുകള്‍ ഉണ്ടായിരുന്നു എങ്കിലും അതിനേക്കാള്‍ ഒരുപടി മുന്നിലാണ് ടെസിന്റെ സ്ഥാനം. പേരുപോലെതന്നെ വേഗമേറിയ പണമിടപാടുകളാണ് ഗൂഗിള്‍ ഈ ആപ്പ് വഴി ലക്ഷ്യം വയ്ക്കുന്നത്. അതിനായ് ക്യാഷ് മോഡ് പോലുള്ള പുതിയ ഫീച്ചറുകളും ഗൂഗിള്‍ ഈ ആപ്പിലൂടെ നമ്മെ പരിചയപ്പെടുത്തുന്നു.

ഇതേ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള, അടുത്ത് നില്‍ക്കുന്ന മറ്റൊരു വ്യക്തിയുടെ ഫോണിലേക്ക് കയ്യില്‍നിന്നു കയ്യിലേക്ക് പണം നല്‍കുന്ന ലാഘവത്തോടുകൂടി പണം ട്രാന്‍ഫെര്‍ ചെയ്യാന്‍ ക്യാഷ് മോഡ് എന്ന സംവിധാനം സഹായിക്കുന്നു. ഇത്തരം ട്രാന്‍സാക്ഷനുകള്‍ നടത്തുന്നതിനായി NFC (Near Field Communications) പോലുള്ള അത്യാധുനിക ഫോണുകളൊന്നും അവശ്യമില്ല. ഒരു ഫോണിന്റെ സ്പീക്കറില്‍നിന്നും പുറപ്പെടുവിക്കുന്ന മൈക്രോസൗണ്ട് വേവുകള്‍ അടുത്ത ഫോണിന്റെ മൈക്ക് ഉപയോഗിച്ച് സ്വീകരിച്ചാണ് രണ്ടുഫോണുകളും ഈ സംവിധാനത്തില്‍ പെയര്‍ ചെയ്യപ്പെടുക.

ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും ഇതിലൂടെ പണം കയ്യ്മാറ്റം ചെയ്യാന്‍ സാധിക്കും എന്നതും ഈ ആപ്പിനെ വ്യത്യസ്തമാക്കുന്നു. അതായതു ഒരാളുടെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോടും ടൈപ്പ് ചെയ്തുനല്‍കിയാലും ഈ ആപ്പിലൂടെ പണം അയക്കാന്‍ സാധിക്കും. കൂടാതെ QR കോഡുകള്‍, UPI IDകള്‍, ഫോണ്‍നമ്പറുകള്‍ എന്നിവ ഉപയോഗിച്ചും പണമയക്കാന്‍ സാധിക്കും എന്നത് ഈ ആപ്പിന്റെ സവിശേഷതയാണ്.

ഇന്റര്‍നെറ്റിലെ അധികായരായ ഗൂഗിളില്‍നിന്നുള്ള ആപ്പ് ആയതുകൊണ്ട് സെക്യൂരിറ്റിയെ കുറിച്ച് അധികം വേവലാതിപ്പെടേണ്ട കാര്യമില്ല. ടെസ് ആപ്പിന്റെ പ്രചരണാര്‍ത്ഥം ഒട്ടനവധി ഓഫറുകളും ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. അതായത് നമ്മള്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അത് മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്താല്‍ ആ ഷെയര്‍ ചെയ്ത വ്യക്തിക്കും അത് ലഭിച്ച വ്യക്തിക്കും 51 രൂപവീതം ലഭിക്കും. പക്ഷേ ഈ പണം ലഭിക്കണമെങ്കില്‍ ആപ്പ് ലഭിച്ച വ്യക്തി ഈ ആപ്പ് ഉപയോഗിച്ച് ഒരു പണമിടപാടെങ്കിലും നടത്തണം. ഇത്തരത്തില്‍ പരമാവധി 9000 രുപവരെ 2018 ഏപ്രില്‍ 1-ന് മുമ്പാകെ നേടാനാവും. കൂടാതെ ഓരോ ആഴ്ച്ചതോറും നടത്തുന്ന ട്രാന്‍സാക്ഷനുകളില്‍നിന്നും 1000 രൂപവരെ ലഭിക്കാവുന്ന സ്‌ക്രാച്ച് കാര്‍ഡുകളും ലഭിക്കുന്നു.

8MB ഉള്ള ഈ ആപ്പ്, ഇംഗ്ലീഷ് കൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളായ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് എന്നീ ഏഴുഭാഷകളിലും, കൂടാതെ NPCI റെഗുലേറ്ററി ബോഡി മേല്‍നോട്ടം വഹിക്കുന്ന യൂണിഫൈഡ് പെയ്‌മെന്റ്‌ ഇന്റര്‍ഫേസ് (UPI)ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 55 ബാങ്കുകളുമായാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐ ഒ എസിലും ഈ ആപ്പ് ലഭ്യമാണ്.

ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്യാം ചുവടെകാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

Click here to Download Google Tez App

Post a Comment

0 Comments

Close Menu